ബജറ്റ് സമ്മേളനത്തിന് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ നിന്നും അപ്രത്യക്ഷനായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെന്ന് അഭ്യൂഹം. രണ്ടുമാസം മുന്‍പ് അവധിയില്‍ പ്രവേശിച്ച രാഹുല്‍ ആയുര്‍വേദ ചികിത്സയ്‌ക്കായി കൊച്ചിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാഹുലിന്റെ മടങ്ങി വരവിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കന്മാര്‍ നടത്തിയ പ്രതികരണങ്ങളെല്ലാം പാഴ്‌വാക്കാണെന്ന് തെളിയുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്. സ്വസ്‌ഥമായിരുന്ന് ചിന്തിക്കാനും തയാറെടുപ്പുകള്‍ നടത്താനുമായാണ് ബജറ്റ് സമ്മേളനത്തില്‍ പോലും ചെയ്യാതെ രാഹുല്‍ മാറി നില്‍ക്കുന്നത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട് രാഹുല്‍ ഉടന്‍ വരുമെന്നും അവധി ചുരുക്കിയെന്നും നീട്ടിയെന്നും തുടങ്ങിയുള്ള പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.
മുളന്തുരുത്തി ആമ്പല്ലൂരിന് സമീപമുള്ള ആയുര്‍വേദ റിസോര്‍ട്ടിനെ ചുറ്റിപ്പറ്റിയാണ് നിലവില്‍ അഭ്യൂഹം ഉയരുന്നത്. ജനവാസമില്ലാത്ത, ഇരുപത് ഏക്കറോളം വളച്ചുകെട്ടിയ സ്‌ഥലത്തിനുള്ളിലെ റിസോര്‍ട്ടില്‍ രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി വിഐപികളാണ് സ്‌ഥിരം എത്താറുള്ളത്. പുറമേ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണവും ഉണ്ട്. രാഹുല്‍ ഇവിടെയുള്ള വിവരം പുറത്തുവിടരുതെന്ന് ജീവനക്കാര്‍ക്ക് കര്‍ശന വിലക്കുണ്ടെന്നാണ് വിവരം.
എന്നാല്‍, രാഹുല്‍ കേരളത്തിലുണ്ടെന്നതിന് ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. എന്തും മുന്‍കൂട്ടി അറിയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും രാഹുലിന്റെ വരവിനെ കുറിച്ചോ ചികിത്സയേക്കുറിച്ചോ അറിവില്ല. രാഹുല്‍ മ്യാന്‍മറില്‍ ധ്യാനത്തിലാണെന്നായിരുന്നു ഒടുവിലത്തെ റിപ്പോര്‍ട്ട്.
No comments:
Post a Comment