Sunday, April 5, 2015

സൗദി തൊ‍ഴില്‍ നിയമത്തില്‍ അടിമുടി അ‍ഴിച്ചുപണി







സൗദി തൊ‍ഴില്‍ നിയമത്തില്‍ അടിമുടി അ‍ഴിച്ചുപണി. 38 ഭേദഗതികള്‍ ഉള്‍ക്കൊളളുന്നതാണ്​ പുതിയ തൊ‍ഴില്‍ നിയമം. സ്വദേശിവല്‍ക്കരണത്തില്‍ വീ‍ഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊ‍ഴിലാളികളുടെ വര്‍ക്​ പെര്‍മിറ്റ്​ പുതുക്കുന്നതിന്​ വിലക്ക്‌ ഏര്‍പ്പെടുത്തും എന്നതാണ്​ മുഖ്യ ഭേദഗതി. പരിഷ്കരണം ആറ്​മാസത്തിന്​ശേഷം പ്രാബല്യത്തില്‍ വരും.
സൗദി തൊഴില്‍ നിയമത്തിലെ 38 അനുഛേദങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ്​ നിയമത്തില്‍ പരിഷ്കരണം വരുത്തിയിരിക്കുന്നത്​. മാര്‍ച്ച് 23ന് സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തൊഴില്‍ മന്ത്രിക്ക് നല്‍കിയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ‍ സമൂല പരിഷ്കരണം. സ്വദേശിവത്കരണത്തില്‍ വീഴ്ച വരുത്തുന്ന സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും എന്നതാണ്​ തൊഴിലാളികളെ ബാധിക്കുന്ന മുഖ്യ മാറ്റം. സ്വദേശിവത്കരണത്തില്‍ തൊഴിലുടമ വീഴ്ചവരുത്തിയാല്‍ അതിന്റെ പ്രത്യാഘാതം തൊഴിലാളികള്‍ കൂടി അനുഭവിക്കേണ്ടിവരും. ഇഖാമ പുതുക്കാന്‍ വര്‍ക് പെര്‍മിറ്റ് അനിവാര്യമാണെന്നതിനാല്‍ വിദേശികളുടെ ഇഖാമ പുതുക്കലിനെ നിയമം നേരിട്ട് ബാധിക്കും.
സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ അനുപാതവും പുതിയ നിയമത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 50 വിദേശി തൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ 12 സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണം. പഴയ നിയമത്തി ആറ് പേര്‍ക്ക് എന്നത്​പുതിയ നിയമത്തില്‍ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. പഠനം പൂര്‍ത്തിയാക്കുന്ന സ്വദേശി പരിശീലകരുടെ പഠന ചെലവും സ്ഥാപനം വഹിക്കണം. പ്രൊബേഷന്‍ കാലം മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കാലാവധി നിശ്ചയിച്ച തൊഴില്‍ കരാര്‍ കാലാവധി മൂന്നില്‍ നിന്ന് നാല് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണ കരാര്‍ പുതുക്കുന്ന സ്വദേശി തൊഴിലാളികളുടെ കരാര്‍ അനിശ്ചിതകാലമായി പരിഗണിക്കും.

No comments:

Post a Comment